Friday, December 15, 2017

DEC. 18 INTERNATIONAL ARABIC DAY- അറബിക് ഭാഷ അന്തര്‍ദേശീയമാവുമ്പോള്‍


(ഡിസംബർ 18 അന്തരാഷ്ട്ര അറബി ഭാഷാദിനം)

അറബിക് ഭാഷ അന്തര്‍ദേശീയമാവുമ്പോള്‍

അബ്ദുല്‍മജീദ്. ടി. കൊടക്കാട്

ലോകത്ത് 28 രാജ്യങ്ങളിലായി 422 മില്യണ്‍ ജനങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറിബിക്. 162 മില്യണില്‍ അധികം വരുന്ന മുസ്ലിംകളുടെ മതപരമായ ആവശ്യങ്ങള്‍ക്ക് അറബി ഭാഷയാണ് ഉപയോഗിക്കുന്നത്. മുസ്ലിംകളല്ലാത്ത അനേകം പേര്‍ അറബിക് മാതൃഭാഷയായി ഉപയോഗിക്കുന്നുണ്ട്.
യു.എന്‍.ഒ. യുടെ ആറ് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് അറബിക്. ഫ്രഞ്ച്, ഇഗ്ലീഷ്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് എന്നിവയാണ മറ്റു ഭാഷകള്‍. 1973 ല്‍ ഡിസംബര്‍ 18 ന് ചേര്‍ന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് അറബിക് ഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ഭാഷാ സാംസ്കാരിക വൈവിധ്യങ്ങള്‍ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 മുതല്‍ ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിച്ചുവരുന്നു.

ചരിത്രം

സെമിറ്റിക് ഭാഷാംഗമായ അറബിക് പുരാതനം, ജാഹിലിയ്യ, സുവര്‍ണ്ണം, അപച യം, ആധുനികം, ഉത്തരാധുനികം, വര്‍ത്തമാനം എന്നീ കാലഘട്ടങ്ങളിലൂടെ അതിജീവനം നടത്തിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വികാസത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്നത്. പുരാതനഘട്ടത്തില്‍ തന്നെ യൗവ്വനദശയിലെത്തിയ അറബിക് ഭാഷയില്‍ ജാഹിലിയ്യ (ഇസ്ലാമിന് മുമ്പുള്ള രണ്ട് നൂറ്റാണ്ട് കാലം) കാലഘട്ടത്തില്‍ പൂര്‍ണ്ണമായ സാഹിത്യസൃഷ്ടികള്‍ ജനിച്ചിരുന്നു. അറബിക് സാഹിത്യത്തിലെ മുഅല്ലക്കകള്‍ ഇതിനുദാഹരണമാണ്. വിവിധ ഗോത്രഭാഷകള്‍ അന്ന് നിലവിലുണ്ടായിരുന്നെങ്കിലും ഖുര്‍ആന്‍റെ അവതീര്‍ണ്ണത്തോടെ അറബിക് അന്നത്തെ പൊതുസാഹിത്യഭാഷയായി മാറി.
ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തോടെ അറബിക് ഭാഷയുടെ സുവര്‍ണ്ണകാലഘട്ടം ആരംഭിച്ചു. തുടര്‍ന്ന് അബ്ബാസികളുടെ പതനം വരെ വികാസത്തിന്‍റെ അനുസ്യൂതമായ പ്രവാഹം നിലനിന്നു. ഈ കാലഘട്ടത്തില്‍ അനവധി വിജ്ഞാനശാഖകളും ആയിരക്കണക്കിന് പുതിയ വൈദേശിക പദങ്ങളും അറബി പ്രയോഗങ്ങളും കൊണ്ട് അറബി ഭാഷ സംമ്പുഷ്ടമായി. തത്വചിന്ത, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, തര്‍ക്കശാസ്ത്രം, ഗണിതം, ഭാഷ, സാഹിത്യം, ചരിത്രം, സംഗീതം, കൃഷി, രസതന്ത്രം, ഭൗതികശാസ്ത്രം, ജോത്സ്യം തുടങ്ങിയ വിഷയങ്ങളിലുള്ള അനേകം വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ വിവിധ ഭാഷകളില്‍നിന്നായി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ബാഗ്ദാദ് അറിവിന്‍റെ തലസ്ഥാനമായി അറിയപ്പെട്ടു.
എ.ഡി 1258 ല്‍ മംഗോള്‍ സൈന്യം ബാഗ്ദാദ് ആക്രമിച്ച് നശിപ്പിച്ചതോടെ അബ്ബാസികളുടെ ഭരണം അവസാനിക്കുകയും അറബ് ലോകത്തിന്‍റെ ഏകത നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് മംഗോള്‍ സൈന്യം അറബ് സാംസ്കാരിക വൈജ്ഞാനിക കേന്ദ്രങ്ങളും പൈതൃകങ്ങളും പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞു. അറബി ഭാഷയില്‍ രചിക്കപ്പെട്ട കഥാ-കവിതാ സാഹിത്യം, ഭാഷാശാസ്ത്രങ്ങള്‍, പ്രകൃതി-ഭൗതികശാസ്ത്രങ്ങള്‍, സഞ്ചാരസാഹിത്യം എന്നിവയിലെ പ്രധാന കൃതികളെല്ലാം നശിപ്പിച്ചു. എ.ഡി 1516 വരെ ഈ ദുരവസ്ഥ തുടര്‍ന്നു. അറബി ഭാഷയുടെയും സാഹിത്യത്തിന്‍റെയും ഇരുണ്ട യുഗമായാണ് ഈ കാലം അറിയപ്പെടുന്നത്. എങ്കിലും ജലാലുദ്ദീനുസ്സുയൂത്വി, പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഇബ്നുഖല്‍ദൂന്‍ എന്നിവരെപ്പോലെയുള്ള പണ്ഡിതരുടെ സംഭാവനകള്‍ പ്രശംസനീയമാണ്.
എ.ഡി 1516 ല്‍ അറബ് നാടുകളില്‍ ഉസ്മാനികള്‍ ആധിപത്യം സ്ഥാപിക്കുന്നതോടെ തുര്‍ക്കി കാലഘട്ടം ആരംഭിക്കുകയും 1798 ല്‍ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ഈജിപ്ത് കീഴ്പ്പെടുത്തുന്നതോടെ തുര്‍ക്കി യുഗം അവസാനിക്കുകയും ചെയ്തു. സാമൂഹികവും രാഷ്ട്രീയവുമായി കലുഷിതമായിരുന്ന തുര്‍ക്കിയുഗത്തിലും അറബിക് ഭാഷയുടെ പ്രതാപവും ചൈതന്യവും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. മംലൂക്കുകള്‍ ഭരിച്ചിരുന്ന ഈജിപ്തിലും സിറിയയിലും മാത്രമായി സാഹിത്യ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങി. ഈജിപ്തിലെ അല്‍അസ്ഹര്‍ കലാശാലയുടെ സംഭാവനകള്‍ മാറ്റി നിര്‍ത്തിയാല്‍ വിശുദ്ധ ഖുര്‍ആനിന്‍റെ അമാനുഷികത കൊണ്ട് മാത്രമാണ് അറബിക് ഭാഷയുടെ അടിത്തറക്ക് ഒരുകോട്ടവും പറ്റാതെ നിലനിന്നത്.
എഡി 1798 - 1801 ല്‍ നെപ്പോളിയന്‍റെ അധിനിവേഷാനന്തരം ഈജിപ്ത് സാംസ്കാരിക വൈജ്ഞാനിക പ്രവര്‍ത്തനത്തില്‍ മുഴുകുകയും അത് ഒരു ഉയര്‍ത്തെഴുന്നേല്‍പിന് വഴിയൊരുക്കുകയും ചെയ്തു. അങ്ങനെ 19 ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ഒരു നവോത്ഥാനത്തിന്‍റെ ആരംഭത്തിന് അറബ് ലോകവും അറബിക് ഭാഷയും സാക്ഷിയായി. അത് അറബികളുടെ വൈജ്ഞാനക - സാംസ്കാരിക പൈതൃകത്തിന്‍റെ വീണ്ടെടുപ്പിന് ആരംഭമാവുകയും ചെയ്തു. പാശ്ചാത്യലോകവും നാഗരികതയുമായുള്ള സമ്പര്‍ക്കം ഈ മാറ്റത്തിന് വേഗം കൂട്ടി. അങ്ങനെ 19ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ തന്നെ അറബി ഭാഷയുടേയും സാഹിത്യത്തിന്‍റെയും നവോത്ഥാനം സാധ്യമായി. മധ്യയുഗത്തില്‍ അന്ധകാരത്തിലായിരുന്ന യൂറോപ്പ് തങ്ങളുടെ വൈജ്ഞാനിക സാംസ്കാരിക പുരോഗതിക്ക് ആധാരമാക്കിയത് അറബിക് ഭാഷയും സംസ്കാരവുമായിരുന്നുവെന്നത് മറ്റൊരു ചരിത്രമാണ്.
അച്ചടി വിദ്യയുടെ പ്രചാരം, 1828ല്‍ ആരംഭിച്ച 'അല്‍ വഖാഇഉല്‍ മിസ്രിയ്യ' പത്രം, മറ്റു പ്രസിദ്ധീകരണങ്ങള്‍, ആധുനിക വിദ്യാഭ്യാസ സമ്പ്രദായം, പുസ്തക പ്രസാധനം, സാഹിത്യ അക്കാദമികളുടെ രംഗപ്രവേശം, ഓറിയന്‍റലിസ്റ്റുകളുടെ വൈജ്ഞാനിക - സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, നാടക കലയുടെയും നാടകശാലകളുടെയും പ്രവേശം തുടങ്ങിയ ഘടകങ്ങള്‍ അറബി ഭാഷയെ ആധുനികമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നവോത്ഥാനത്തെ തുടര്‍ന്ന് അറബിക് ഭാഷയിലും സാഹിത്യത്തിലും നോവല്‍, നാടകം, ചെറുകഥ എന്നീ ആധുനിക പാശ്ചാത്യ രൂപങ്ങള്‍ ജന്മംകൊണ്ടു. പുതിയ സാഹിത്യ സിദ്ധാന്തങ്ങളായ ക്ലാസിസം, റിയലിസം, റൊമാന്‍റിസം, സിമ്പോളിസം, സ്ട്രക്ചറലിസം തുടങ്ങിയവ അറബിക് സാഹിത്യത്തില്‍ അവതരിപ്പിക്കപ്പെട്ടു.
രണ്ടാം ലോക മഹായുദ്ധാനന്തരം അറബ് ലോകവും പാശ്ചാത്യ ലോകവും തമ്മിലുണ്ടായ സമ്പര്‍ക്കം, എണ്ണ സമ്പത്ത്, ആധുനിക വിദ്യാഭ്യാസത്തിന്‍റെ പ്രചാരം, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ രംഗപ്രവേശം, സാഹിത്യങ്ങള്‍ വായിക്കാനുള്ള അവസരം, പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ അറബിക് ഭാഷക്കും സാഹിത്യത്തിനും നവോന്മേഷവും പ്രോത്സാഹനവും നല്‍കി. തുടര്‍ന്ന് അറബിക് ഭാഷയില്‍ ജന്മംകൊണ്ട പലകൃതികളും ലോകശ്രദ്ധയാകര്‍ഷിച്ചു.

വര്‍ത്തമാനം.

1945ല്‍ അറബ് രാഷ്ട്രങ്ങളുടെ പൊതുവേദിയായ അറബ് ലീഗിന്‍റെ രൂപീകരണവും ഗള്‍ഫ് മേഖലയിലെ പെട്രോളിന്‍റെ സാന്നിധ്യവും അറബ് എണ്ണ കയറ്റുമതി രാഷ്ട്ര സമിതി (ഓപെക്) യുടെ രൂപീകരണവും അറബി ഭാഷക്ക് അന്തര്‍ദേശീയ തലത്തില്‍ വളര്‍ച്ചയുണ്ടാക്കി. തദ്ഫലമായി 1973ല്‍ ഐക്യരാഷ്ട്ര സഭയുടെ ആറാമത് ഔദ്യോഗിക ഭാഷയായി അറബിക് ഭാഷയെ അംഗീകരിച്ചു. 1988ല്‍ ഈജിപ്ത് അറബ് നോവലിസ്റ്റ് നജീബ് മഹ്ഫൂളിന് നോബല്‍ സമ്മാനം ലഭിച്ചത് അറബിഭാഷക്കുള്ള അംഗീകാരമായിരിന്നു. 2008മുതല്‍ 2016വരെ 9 അറബിക് നോവലുകള്‍ക്ക് ബുക്കര്‍ പ്രൈസ് ലഭിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച څപ്രകാശവര്‍ഷം 2015چ ആഘോഷം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധ ഗോളശാസ്ത്രജ്ഞന്‍ ഇബ്നുല്‍ ഹൈഥം അറബിക് ഭാഷയില്‍ രചിച്ച കിതാബുല്‍ മനാളിറിന്‍റെ സ്മരണാര്‍ത്ഥമായിരുന്നു.
വിവരസാങ്കേതിക വിപ്ലവത്തില്‍ മറ്റുഭാഷകള്‍ നേരിട്ട ഒരു പ്രശ്നവും അറബിക്കിന് അഭിമുഖീകരിക്കേണ്ടി വന്നില്ല. ബ്രൈല്‍ ലിപി അടക്കം അറബി-മലയാളം, അറബി-തമില്‍ പോലെ അനേകം മിശ്ര ഭാഷകളും ലിപികളും ഇന്ന് അറബി ഭാഷക്കുണ്ട്. കാലിഗ്രാഫി എന്ന കല നിലനില്‍ക്കുന്നത് തന്നെ അറബിക് അക്ഷരങ്ങളിലൂടെയാണ്. വര്‍ത്തമാന കാലത്ത് അറബിക് ഭാഷയുടെ പുരോഗതി വിലയിരുത്താനായി 13 അറബിക് ഭാഷാ അക്കാദമികള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ഖേദകരമെന്ന് പറയട്ടെ, 2015ലെ കണക്കുകള്‍ പ്രകാരം വിജ്ഞാന സ്രോതസ്സിന്‍റെ ഇലക്ട്രോണിക് (ഇന്‍റര്‍നെറ്റ്) പതിപ്പില്‍ അറബിക് ഭാഷയുടെ ഉള്ളടക്കം പതിനാലാം സ്ഥാനത്താണ്. അതായത് 0.8% മാത്രം. അതേ സമയം ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നവരില്‍ അറബ് ലോകം നാലാം സ്ഥാനത്താണ്. സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ വെറുതെ സമയം കൊല്ലുന്നവര്‍ ഫലവത്തായ സംഭാവനകള്‍ അര്‍പ്പിച്ചാല്‍ വരുംവര്‍ഷങ്ങളില്‍ കാര്യമായ മാറ്റം നമുക്ക് പ്രതീക്ഷിക്കാം.
അറബിക് ഭാഷക്കും സാഹിത്യത്തിനും ഇന്ത്യ പൊതുവിലും കേരളം പ്രത്യേകിച്ചും വലിയ സംഭവനകള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളിലെല്ലാം അറബിക് പഠന-ഗവേഷണ കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ അറബിക് സര്‍വ്വകലാശാല ഒരു സ്വപ്നമായി തുടരുമ്പോഴും, പുതുതായി ആരംഭിച്ച കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലും മലപ്പുറം അലിഗഡ് സെന്‍ററിലും വൈകാതെ തന്നെ അറബിക് പഠന-ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സ്വദേശിവല്‍ക്കരണവും പുതിയ അവസരങ്ങളും.

ഈസി ഗവേണന്‍സിന്‍റെ ഭാഗമായി എല്ലാ രാജ്യങ്ങളും ഭരണഭഷ മാതൃഭാഷയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്വദേശിവല്‍ക്കരണത്തോടൊപ്പം മാതൃഭാഷാവല്‍ക്കരണവും അറബ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. അതുമുഖേന സ്വദേശിവല്‍ക്കരണം നടക്കാത്ത തൊഴില്‍മേഖലകളിലെല്ലാം അറബി ഭാഷ പഠിച്ചവര്‍ക്ക് സാധ്യതകള്‍ വര്‍ദ്ധിക്കുകയാണ്. അറബിക് വെബ്ബ് എഡിറ്റിംഗ്, പ്രൊഫഷണല്‍ അറബിക്, ട്രാന്‍സ്ലേഷന്‍, ട്രാന്‍സ്ലിറ്ററേഷന്‍, ടൂറിസം, യൂണിവേഴ്സിറ്റികളിലെ വിവിധ പഠനവകുപ്പുകള്‍ തുടങ്ങി ഒട്ടനവധി പുതിയ മേഖലകളാണ് അറബി ഭാഷാപഠിതാക്കളെ കാത്തിരിക്കുന്നത്.
അറബിക് ഫോബിയയുടെ പിന്നാമ്പുറങ്ങള്‍
വര്‍ത്തമാനകാല ആഗോളസാധ്യതകള്‍ക്കനുസരിച്ച് അറബിക് ഭാഷ അന്താരാഷ്ട്രതലത്തില്‍ വേണ്ടത്ര മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നത് ദുഃഖകരമായ ഒരു വസ്തുതതയാണ്. രാഷ്ട്രീയവും വാണിജ്യപരമായ പല ഒളിഅജണ്ടകളും ഉള്ളതിനാലാണ് പാശ്ചാത്യ സമൂഹം ബോധപൂര്‍വ്വമായ ഒരു ഭീതി അറിബിക് ഭാഷക്കും അതിന്‍റെ സംസ്കാരത്തിനും ചാര്‍ത്താന്‍ ശ്രമിക്കുന്നത്. വാണിജ്യരംഗത്തിന്‍റെ സജീവ മാധ്യമമായി അറബിക് ഭാഷ എത്തുന്നത് മുതലാളിത്ത രാജ്യങ്ങളുടെ കൊളോണിയല്‍ താല്പര്യങ്ങള്‍ക്ക് തടസ്സമാകുമെന്നും അവരുടെ കച്ചവട താല്‍പര്യങ്ങള്‍ തകര്‍ക്കുമെന്നുമുള്ള യാഥാര്‍ത്ഥ്യബോധ്യം പാശ്ചത്യലോകത്തെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അറബിക് ഭാഷയെ പള്ളികളിലേക്ക് ഒതുക്കുവാനും അതിന്‍റെ വാണിജ്യ, സാംസ്കാരിക രംഗപ്രവേശത്തെ ഭീതിയോടെ കാണാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അവര്‍ ലോകത്ത് പ്രചരിപ്പിക്കുന്നു.
ഖുര്‍ആനിന്‍റെയും ഇസ്ലാമിന്‍റെയും ഭാഷ എന്ന നിലയില്‍ അറബിക് ഭാഷ പഠിക്കലും പ്രചരിപ്പിക്കലും മുസ്ലിം സമൂഹം അവരുടെ ബാധ്യതയായി കാണുന്നുണ്ട്. അത് ആ ഭാഷയുടെ സാഹിത്യസൗന്ദര്യമോ, വര്‍ത്തമാനകാലത്തെ ഭൗതിക സാധ്യതകളോ ലക്ഷ്യംവെച്ചുള്ളതല്ല. തീര്‍ത്തും ആത്മീയമായ സമീപനമാണ്. ലോകത്ത് പഴക്കം ചെന്ന എല്ലാ ഭാഷകള്‍ക്കും ഇത്തരത്തില്‍ ആത്മീയമായ ഒരു അസ്തിത്വവും അടുപ്പവും കാണാന്‍ കഴിയും. മതരംഗത്തെ പാരമ്പര്യം ന്യൂനതയായി ഉയര്‍ത്തിക്കാട്ടുമ്പോഴും വൈദ്യശാസ്ത്രം, തത്വശാസ്ത്രം, ഗോളശാസ്ത്രം, ഗണിതം തുടങ്ങി അനേകം വിജ്ഞാനശാഖകളുടെ അമൂല്യശേഖരം ഈ ഭാഷക്കകത്തുണ്ടെന്നത് ബോധപൂര്‍വ്വമോ അല്ലാതെയോ ആധുനിക ലോകം മറന്നുപോകുന്നു. ആഗോളവാണിജ്യ ഭാഷയെന്ന പോയകാലത്തെ പ്രതാപവും പാരമ്പര്യവും ഉപയോഗിച്ച് അറബി ഭാഷയും പൗരസ്ത്യദേശവും പുതിയ ലോകക്രമത്തില്‍ ഇടപെടുന്നത് പാശ്ചത്യലോകം കരുതലോടെയാണ് നോക്കുന്നത്.
*************
Published in suprabhaatham daily on 18/12/2016
Abdul majeed.t
Assistant professor,
Department of arabic
farook college
majeedjnu@gmail.com
9744041989

No comments:

Post a Comment