Friday, August 21, 2015

ഓറഞ്ചുകള്‍ / ഓമാന്‍ കഥഓറഞ്ചുകള്‍ / ഓമാന്‍ കഥ
march 29, 2015.
യഹ്‌യാ സലാം അല്‍ മന്ദരി / മൊഴിമാറ്റം: എസ്.കെ ഖുദ്‌സി
നോക്കൂ...
വെയിലിന്റെ ആധിപത്യമാണ്. റോഡുകളെ ആക്രമിച്ചു വിഴുങ്ങുന്ന കാറുകള്‍...
ശങ്കിച്ചു നില്‍ക്കുന്ന ഒരു മുടന്തന്‍.. കറുത്ത് വിസ്തൃതമായി കിടക്കുന്ന തെരുവ്... വൃത്തികെട്ട പൊള്ളുന്ന നടപ്പാത.
തീര്‍ച്ച! വെയിലിന്റെ ആധിപത്യംതന്നെ.
റോഡ് മുറിച്ചുകടന്നിട്ട് മറുകരയെത്താനുള്ള ശ്രമത്തിലാണ് മുടന്തന്‍. കാറുകള്‍ തന്നെ ആക്രമിക്കില്ലെന്നാണ് അയാള്‍ കരുതുന്നത്.
ഒരു സഞ്ചി നിറയെ ഓറഞ്ചും വളരെ സൂക്ഷ്മമായി പരിശോധിച്ചുനോക്കിയിട്ടാണ് പീടികയില്‍നിന്ന് മേടിച്ചത്.
ഓറഞ്ചുമായി പുരയില്‍ കടന്നുചെല്ലുന്നതും കുട്ടികള്‍ തന്നെ വളയുന്നതും അയാള്‍
ഭാവനയില്‍ കണ്ടു. അവരുടെ സന്തോഷം, നൃത്തം, ഊഷ്മളമായ ചുംബനങ്ങള്‍. അതുകഴിഞ്ഞ് അവര്‍ സഞ്ചി തുറക്കുന്നത്. ഓരോരുത്തരായി ഓരോന്നെടുത്ത് തൊലി ഉരിയുന്നത്.
അയാള്‍ ഇപ്പോഴും തെരുവ് മുറിച്ചുകടക്കാനുള്ള പരിശ്രമത്തിലാണ്. അയാളുടെ ശിരസ്സിലും പിരടിയിലും സൂര്യരശ്മികള്‍ നിഷ്ഠൂരമായി കുത്തനെ പതിക്കുന്നുണ്ട്. അയാള്‍ക്ക് വിയര്‍ത്തു. കണ്ണുകള്‍ പുകഞ്ഞു. അയാള്‍ കൈപ്പടം പുരികങ്ങള്‍ക്കുമേലെ വച്ചു. വെയിലില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു പാഴ്ശ്രമം.
അപ്പോള്‍...
നടപ്പാതയിലപ്പോള്‍...
വൃത്തികെട്ട പൊള്ളുന്ന നടപ്പാതയിലപ്പോള്‍...
.......
തെരുവിനെ വിഴുങ്ങുന്ന കാറുകള്‍. ചുടുകാറ്റ്. മുടന്തന്‍ വലതുകാല്‍ തെരുവിലേക്കുവെച്ചു. പക്ഷേ, പെട്ടെന്നുതന്നെ അത് പിന്‍വലിച്ചുകളഞ്ഞു. ആ നേരം അയാളുടെ ഭാര്യ അടുക്കളയില്‍ അഴുക്കുപിടിച്ച പൈപ്പിനു മുന്നില്‍ നില്‍ക്കുകയായിരുന്നു. ടാപ്പില്‍നിന്ന് വെള്ളം പൊട്ടലും ചീറ്റലുമുണ്ടാക്കി തുള്ളിവീഴുകയാണ്. അവള്‍ അരി കഴുകുകയാണ്. തട്ടമെടുത്ത് നെറ്റിയിലെ വിയര്‍പ്പ് തുടയ്ക്കുമ്പോഴും കുട്ടികളുടെ കോലാഹലത്തിലാണ് അവളുടെ ശ്രദ്ധ. കുട്ടികള്‍ മുറ്റത്ത് പന്തുമായി കളിക്കുകയാണ്.
സാവധാനമിളകുന്ന പങ്കക്കു കീഴെ വിരിച്ചുകിടക്കുകയാണ് മറ്റുകുട്ടികള്‍. സ്‌കൂള്‍വിട്ടു വന്നുകഴിഞ്ഞ് നാളെക്കുള്ള പാഠങ്ങള്‍ പഠിക്കുകയാണവര്‍. മുറ്റത്ത് കളിക്കുന്ന കുട്ടികളുടെ ഒച്ച ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
അതേസമയം, അവരുടെ ബാപ്പ തെരുവ് മുറിച്ചുകടക്കാനുള്ള തീവ്രമായ ശ്രമം തുടരുകയാണ്. ഇത്തവണ ഓറഞ്ച് കൊണ്ടുവരുമെന്നാണ് അയാള്‍ കുട്ടികളോട് പറഞ്ഞിട്ടുള്ളത്. അതാണ് സുലഭം. ചിലപ്പോള്‍ അടുത്ത മാസം ചുവന്ന ആപ്പിള്‍ കിട്ടുമോ എന്ന് നോക്കണം. അത് കുട്ടികള്‍ ഓരോരുത്തരായി കടിച്ചുതിന്നുന്നത് അയാള്‍ ഭാവനയില്‍ കണ്ടു. നടപ്പാത അയാളെ അത്യന്തം നോവിപ്പിക്കുന്നുണ്ടായിരുന്നു. പൊള്ളുന്ന വൃത്തികെട്ട നടപ്പാത.
.......
ഹോണ്‍ വാശിപിടിച്ചിട്ടെന്നപോലെ അലറുന്നുണ്ടായിരുന്നു. അയാള്‍ക്ക് അപ്പോള്‍ ഉമ്മെയ ഓര്‍മവന്നു. തന്റെ ഇടതുകാല്‍ തകര്‍ത്തുകളഞ്ഞ അപകടവും. ഉമ്മ മകളെ തുന്നാന്‍ പഠിപ്പിക്കുകയായിരുന്നു. മകള്‍ ഉമ്മയെ എഴുതാനും. അന്നേരം അവിടെയെത്തിയവര്‍ അത്യാഹിതം നടന്ന വിവരം പറയാന്‍ തുടങ്ങുന്നേയുണ്ടായിരുന്നുള്ളു. ഉമ്മ ഞെട്ടിവിറച്ചുപോയി. തുടര്‍ന്ന് ബോധമറ്റ് വീഴുകയായിരുന്നു. തെരുവ് മുറിച്ചുകടക്കാനുള്ളതുകൊണ്ട് അയാള്‍ ഓര്‍മകളെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചു.
അയാളുടെ ശ്രമം വിജയിച്ചില്ല. കാറുകള്‍ മുരണ്ടു. വണ്ടിക്കാര്‍ ശാപവാക്കുകള്‍ ഉതിര്‍ത്തു.
അപ്പോള്‍...
നടപ്പാതയിലപ്പോള്‍...
പൊള്ളുന്ന വൃത്തികെട്ട നടപ്പാതയിലപ്പോള്‍.
വെയിലിന്റെ ആധിപത്യംതന്നെ എല്ലായിടത്തും.
.......
കാറുകളുടെ ജനാലച്ചില്ലുകള്‍ വര്‍ണച്ചിത്രങ്ങളുള്ള പെയിന്റിങ്‌പോലെ. ചിലപ്പോള്‍ അവയില്‍ രൗദ്രഭാവങ്ങള്‍ തെളിഞ്ഞു. ചിലപ്പോള്‍ ആഹ്ലാദം. ചിലപ്പോള്‍ പഴയസ്‌നേഹിതന്മാരുടെ മുഖങ്ങള്‍. കാലപ്പഴക്കംകൊണ്ട് ഒന്നും ഓര്‍മവരുന്നില്ല. ചുട്ടുപൊള്ളുന്ന വെയിലില്‍ ഒന്നും വ്യക്തവുമല്ല.
ചില മുഖങ്ങള്‍ അയാള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. അപ്പോള്‍ അയാളുടെ ഹൃദയം പിടയ്ക്കുകയും അവരുമായി പങ്കിട്ട സുഖവും ദുഃഖവും നിറഞ്ഞ നാളുകളുടെ ഓര്‍മകളില്‍ വികാരാധീനനാവുകയും ചെയ്യുന്നു.
വെയിലില്‍ ചിത്രങ്ങള്‍ ഒന്നൊന്നായി ഉതിര്‍ത്തുകൊണ്ട് കാറുകള്‍ കടന്നുപോയതേയുള്ളു. അയാളാണെങ്കിലോ, ഇനിയും മുറിച്ചുകടന്നിട്ടില്ലാത്ത തെരുവ് നോക്കി വൃത്തികെട്ട തപിക്കുന്ന നടപ്പാതയില്‍തന്നെ, അപ്പോഴും.
.......
തെരുവില്‍ വലതുകാല്‍ വച്ച് ഒരു ശ്രമംനടത്തിനോക്കി. ഉടനെ അയാള്‍ അലറിവരുന്ന ഒരുകാറ് കണ്ട് അത് പിന്‍വലിച്ചുകളഞ്ഞു. ചുടുവെള്ളത്തില്‍ തൊട്ടതുപോലെ. അയാള്‍ വേദനയെടുത്ത് ചുളുങ്ങിപ്പോയി.
വീണ്ടുമൊരു സന്ദര്‍ഭം.
പിന്നേയും ഒരു പരിശ്രമം.
വാഹനങ്ങളുടെ ഒഴുക്കിന് ചെറിയൊരു തടസ്സം നേരിട്ട നിമിഷം. കാറുകള്‍ കുറച്ചകലെയാണ്. അയാള്‍ തളര്‍ന്ന പേശികള്‍ സജ്ജമാക്കി ഒരുങ്ങിനിന്നു. അയാള്‍ തെരുവോരത്ത് ഇറങ്ങിനിന്നു. ശേഷിയറ്റ കാലില്‍ സര്‍വ്വ ശക്തിയും ചെലുത്തി. ഒന്നു മുടന്തി. വിസ്തൃതമായ തെരുവിലൂടെ അയാള്‍ തന്റെ യാത്രയാരംഭിച്ചു. അവസാനം, അയാളതില്‍ വിജയിക്കുകയും ചെയ്തു.
അയാള്‍ നെടുവീര്‍പ്പിട്ടു. കണ്ണുകള്‍ തിരുമ്മി. അയാള്‍ ആകാശത്തേക്ക് നോട്ടമയച്ചുകൊണ്ട് വല്ലാത്തൊരാശ്വാസത്തോടെ അവിടെ കുത്തിയിരുന്നു. അയാളുടെ ശ്വാസോച്ഛ്വാസം ക്രമേണ സാധാരണഗതിയിലായി.
പൊടുന്നനെ അയാളിലെ വിജയഭാവം മാഞ്ഞു. അയാള്‍ ഓറഞ്ചുസഞ്ചി പരതിനോക്കി.
എന്നാല്‍..
കൈകള്‍ ശൂന്യം. ചളിയുടെ വടുക്കളല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.
താന്‍ കുറച്ചുമുന്‍പ് നിന്നിരുന്ന നടപ്പാത അയാള്‍ തിരിഞ്ഞുനോക്കി. സൂര്യനുകീഴില്‍ അവിടെയതാ ഒറഞ്ചുസഞ്ചി.
ദുഃഖംമുറ്റിയ ഒരു ദീര്‍ഘനിശ്വാസം അയാളില്‍നിന്ന് ഉതിര്‍ന്നു. അയാള്‍ തിരിഞ്ഞുനടന്നു. തെരുവില്‍നിന്ന്, കാറുകളില്‍നിന്ന്, സൂര്യനില്‍നിന്ന്, അപ്പുറത്ത് അകലെയായി കാണുന്ന ഓറഞ്ചു സഞ്ചിയില്‍നിന്ന്, അയാള്‍ തിരിഞ്ഞു നടന്നു... കുടിലിനെ ലക്ഷ്യമാക്കി അയാളുടെ മുടന്തുള്ള കാലനങ്ങി. അയാളുടെ തല കുനിഞ്ഞു. ശരീരം വിറച്ചു. കണ്ണുകളില്‍ ഇരുട്ടുകയറുന്നു. കൈകളാണെങ്കില്‍ ശൂന്യവും.